CHURCH NEWS
സാഹോദര്യത്തിലും കൂട്ടായ്മയിലും മുന്നേറാം: മാര്‍ റാഫേല്‍ തട്ടില്‍
2024-08-19
സാഹോദര്യത്തിലും കൂട്ടായ്മയിലുമാണ് സഭ മുന്നേറേണ്ടതെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രസ്താവിച്ചു. സീറോമലബാര്‍സഭയുടെ മുപ്പത്തിരണ്ടാമത് സിനഡിന്റെ മൂന്നാം സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്പ്.
വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ, മേപ്പാടി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായ
പേമാരിയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കും സീറോമലബാര്‍സഭ കൂടെയുണ്ടെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് ഉദ്ഘാടനസന്ദേശത്തില്‍ പറഞ്ഞു. സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സിനഡുസമ്മേളനത്തിന്റെ ആരംഭത്തില്‍ പിതാക്കന്മാര്‍ മൗനപ്രാര്‍ത്ഥന നടത്തി. പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ട്ടമായവരുടെയും വേദനയില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും തട്ടില്‍ പിതാവ് കൂട്ടിച്ചേര്‍ത്തു. പാലാ രൂപത ആതിഥേയത്വം വഹിക്കുന്ന സീറോമലബാര്‍സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാര്‍ റാഫേല്‍ തട്ടില്‍ സിനഡുപിതാക്കന്മാരെ അറിയിച്ചു. ഓഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന അസംബ്ലി പാലായിലെ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നടത്തപ്പെടുന്നത്. അസംബ്ലിയുടെ ഫലപ്രദമായ നടത്തിപ്പിനായി എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും മേജര്‍ ആര്‍ച്ചുബിഷപ്പ് അഭ്യര്‍ത്ഥിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നയിച്ച ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. തുടര്‍ന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനോടൊപ്പം സിനഡുപിതാക്കന്മാര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. മേല്‍പട്ട ശുശ്രൂഷയുടെ രജതജൂബിലി ആഘോഷിക്കുന്ന മാര്‍ ലോറന്‍സ് മുക്കുഴി പിതാവിന്റെ സേവനങ്ങളെ മേജര്‍ ആര്‍ച്ചുബിഷപ്പ് പ്രത്യേകം അനുസ്മരിച്ചു. ജൂബിലി നിറവിലായിരിക്കുന്ന ബെല്‍ത്തങ്ങാടി രൂപതയ്ക്കും മേജര്‍ ആര്‍ച്ചുബിഷപ്പ് ആശംസകള്‍ അറിയിച്ചു. സഭയുടെ മേജര്‍ സെമിനാരികളുടെ റെക്ടര്‍മാരുമായും വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരുമായും സിനഡുപിതാക്കന്മാര്‍ കൂടിക്കാഴ്ച്ച നടത്തും. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് സിനഡ് ചര്‍ച്ചകള്‍ ആരംഭിച്ചു. ഓഗസ്റ്റ് 31 ശനിയാഴ്ച്ച സിനഡുസമ്മേളനം സമാപിക്കും.
News
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
സിമി റോസ്ബെല്ലിന്റെ ആരോപണം മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയെന്ന് കെ.സുധാകരന്
യുഡിഎഫ് പ്രതിഷേധ സംഗമം നാളെ
കെ.സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു
ദൈവപരിപാലനയില്‍ അതിശയകരമായി സിനഡ് നടന്നു
വനിതാ ട്വന്റി 20 ലോകകപ്പ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍
ചെങ്കടലില്ഹൂതിതീവ്രവാദികളുടെ ആക്രമണത്തില്‍ ഗ്രീക്ക് എണ്ണ കപ്പലിന് തീപിടിച്ചു
വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി