CHURCH NEWS

മണിപ്പൂരിലെ മണ്ണില്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു വിശ്വാസികള്‍

2024-08-26

മണിപ്പൂര്‍: വംശീയകലാപം മുറിപ്പെടുത്തിയ മണിപ്പൂരിലെ മണ്ണില്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു വിശ്വാസികള്‍. കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാര്‍പ്പിക്കുന്ന 'മുന്‍പി' എന്ന ഗ്രാമത്തില്‍ ആദ്യമായി നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധനേടുകയാണ്. സര്‍വ്വതും നഷ്ടപെട്ട മണിപ്പൂരി നിവാസികള്‍ തങ്ങള്‍ നിര്‍മ്മിച്ച താത്കാലിക ഷെഡില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചാണ് വിശ്വാസ സാക്ഷ്യം നല്‍കുന്നത് 

ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ആര് നമ്മെ വേര്‍പെടുത്തും. ക്ലേശമോ ദുരിതമോ പട്ടിണിയോ പീഡനമോ നഗ്നതയോ ആപത്തോ വാളോ എന്ന തിരുവചനം ആന്വര്‍ഥമാവുകയാണ് മണിപ്പൂരില്‍. മണിപ്പൂരില്‍ ഉണ്ടായ വംശീയ കലാപത്തിന്റെ ആഘാതത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ക്രൈസ്തവര്‍ക്കിടയില്‍ നടന്ന ബലിയര്‍പ്പണത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാര്‍പ്പിക്കുന്ന 'മുന്‍പി' എന്ന ഗ്രാമത്തില്‍ ആദ്യമായി നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ചന്ദേല്‍ ജില്ലയിലെ സിങ്‌ടോം ഗ്രാമത്തില്‍ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട കത്തോലിക്ക വിശ്വാസികള്‍ താത്ക്കാലിക ഷെഡില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു വിശ്വാസ സാക്ഷികളായി മാറി. തന്റെ ഗ്രാമത്തില്‍ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഇവരെന്നും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാര്‍പ്പിക്കുന്ന ഇടത്ത് നടന്ന ആദ്യത്തെ വിശുദ്ധ കുര്‍ബാനയായിരുന്നുവെന്നും മണിപ്പൂരി വൈദികനായ ഫാ. മാര്‍ക്ക് ഐമെംഗ് പറഞ്ഞു. മുളയും ചെറു തുണികളും പായയും ഉപയോഗിച്ചായിരിന്നു ബലിയര്‍പ്പണത്തിനുള്ള താത്ക്കാലിക ദേവാലയം ഇവര്‍ നിര്‍മ്മിച്ചത്. ഡീക്കന്‍ പാട്രിക് ലാലിനൊപ്പം ഫാ. മാര്‍ക്ക് അര്‍പ്പിച്ച വിശുദ്ധ ബലിയില്‍ നൂറ്റിഎണ്‍പതോളം പേര്‍ പങ്കുചേര്‍ന്നു. 

2023 മെയ് മാസത്തില്‍ മെയ്തിയും കുക്കി വിഭാഗവും തമ്മില്‍ ആരംഭിച്ച വംശീയ ആക്രമണങ്ങള്‍ക്കു ശേഷം ആയിരങ്ങളാണ് വിവിധയിടങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ടത്. 2023 മെയ് 29 ന് സിങ്‌ടോം ഗ്രാമത്തില്‍ നടന്ന ആക്രമണങ്ങളില്‍ 72 വീടുകളില്‍ 45 എണ്ണം ചാരമായി. കൂടാതെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെ നശിപ്പിക്കപ്പെട്ടു. അനേകര്‍ വിവിധയിടങ്ങളിലേക്ക് പലായനം ചെയ്തു. ഇംഫാല്‍ അതിരൂപതയുടെ സഹായത്തോടെ മുന്‍പി ഗ്രാമത്തില്‍ ഇരുപതോളം കുടുംബങ്ങള്‍ താമസമാക്കിയിട്ടുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഇവിടെ സ്ഥിര താമസമാക്കുമെന്നാണ് സൂചന. വീടുകള്‍ക്ക് പുറമെ കുട്ടികളുടെ വിദ്യാഭ്യാസവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്‍കുന്നതിന് ഇംഫാല്‍ അതിരൂപത വലിയ രീതിയില്‍ സഹായം ലഭ്യമാക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ദുരിതവും വേദനയും മറികടക്കുവാന്‍ ഏറെ സമയമെടുക്കുമെന്ന് ഫാ. ഐമെംഗ് പറയുന്നു. 


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം