GENERAL NEWS

അമേരിക്കയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എഐ ചാറ്റ്‌ബോട്ടുകളും , സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ പരാമര്‍ശങ്ങള്‍ വരുത്താന്‍ നീക്കം

2026-10-27

 അമേരിക്കയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇനി എഐ ചാറ്റ്‌ബോട്ടുകളെയും ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രചാരണം. ചാറ്റ്ജിപിടി, ക്ലോഡ്, ജെമിനി എന്നിവയില്‍ സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ പരാമര്‍ശങ്ങള്‍ വരുത്താന്‍ പുതിയ തന്ത്രങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് . നൂറുകണക്കിന് വെബ്‌പേജുകളും പണമടച്ചുള്ള ഓണ്‍ലൈന്‍ ഉള്ളടക്കവും ഇതിന്റെ ഭാഗമായി ഉപയോഗിക്കുന്നു. എന്നാല്‍ പരിശോധിക്കാത്ത വിവരങ്ങള്‍ എഐ മറുപടികളില്‍ ഇടംപിടിക്കുന്നത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ നേരിട്ട് സ്വാധീനിക്കുന്നതിനൊപ്പം, അവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന എഐ ചാറ്റ്‌ബോട്ടുകളെയും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ രാഷ്ട്രീയ സ്ഥാനാര്‍ഥികള്‍. നികുതി, ഭവനനിര്‍മാണം, പൊതുസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വോട്ടര്‍മാര്‍ ചാറ്റ്‌ബോട്ടുകളോട് അഭിപ്രായം ചോദിക്കുമ്പോള്‍ സ്വന്തം പേര് മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പുതിയ പ്രചാരണ തന്ത്രങ്ങള്‍ പുറത്തുകൊണ്ടുവന്നത് റോയിട്ടേഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ്. 

പരമ്പരാഗതമായി ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകളില്‍ സ്വന്തം വെബ്‌സൈറ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ശ്രമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചാറ്റ്ജിപിടി, ക്ലോഡ്, ജെമിനി തുടങ്ങിയ എഐ സംവിധാനങ്ങള്‍ നല്‍കുന്ന മറുപടികളിലും തങ്ങളുടെ സ്ഥാനാര്‍ഥിയുടെ പേര് വരണമെന്നാണ് പ്രചാരണ സംഘങ്ങളുടെ ലക്ഷ്യം. ഇതിനായി എഐ സംവിധാനങ്ങള്‍ വിവരങ്ങള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതിയെ സ്വാധീനിക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്.

ഇതിന് ഒരു ഉദാഹരണമാണ് മസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ മൗറ ഹീലിക്കെതിരെ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് മിനോഗിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ പദ്ധതി. റോയിട്ടേഴ്‌സിന് ലഭിച്ച പവര്‍പോയിന്റ് അവതരണത്തില്‍, ചാറ്റ്‌ബോട്ടുകള്‍ മിനോഗിനെ പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ അനുകൂലമായി അവതരിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് നിര്‍ദേശിച്ചിരുന്നത്. നൂറുകണക്കിന് നയവിഷയങ്ങളിലുള്ള വെബ്‌പേജുകള്‍ തയ്യാറാക്കുക, എഐ സംവിധാനങ്ങള്‍ പതിവായി ആശ്രയിക്കുന്ന പ്രമുഖ വെബ്‌സൈറ്റുകളില്‍ പണമടച്ച് ഉള്ളടക്കം പ്രസിദ്ധീകരിക്കുക, റെഡ്ഡിറ്റ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിവരങ്ങള്‍ പ്രചരിപ്പിക്കുക എന്നിവയായിരുന്നു പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങള്‍.

ഈ രീതിക്ക് പറയുന്ന പേരാണ് 'ജനറേറ്റീവ് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍', അഥവാ ഏഋഛ. സെര്‍ച്ച് എന്‍ജിനുകളില്‍ വെബ്‌സൈറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ ഉപയോഗിക്കുന്ന ടഋഛ രീതിയുടെ പുതിയൊരു രൂപമായി ഇതിനെ കാണാം. എഐ ചാറ്റ്‌ബോട്ടുകള്‍ രാഷ്ട്രീയ വിഷയങ്ങളില്‍ എന്ത് മറുപടിയാണ് നല്‍കുന്നതെന്ന് നിരീക്ഷിക്കുകയും, സ്ഥാനാര്‍ഥിയുടെ നയങ്ങള്‍ കൂടുതല്‍ വ്യക്തമായി പ്രതിഫലിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ ഉള്ളടക്കം മാറ്റുകയും ചെയ്യുന്നതും ഈ തന്ത്രത്തിന്റെ ഭാഗമാണ്.

അമേരിക്കയിലെ വോട്ടര്‍മാരില്‍ ഏകദേശം 25 ശതമാനം പേര്‍ ആരെ വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ സ്ഥാനാര്‍ഥികളെക്കുറിച്ച് ചാറ്റ്‌ബോട്ടുകളോട് ചോദിച്ചിട്ടുണ്ടെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ സിറ്റിസണ്‍ഷിപ്പിന്റെ സി.ഇ.ഒ. കാമറണ്‍ ഹിക്കി വ്യക്തമാക്കിയത്. ഈ മാറ്റം രാഷ്ട്രീയ പ്രചാരണത്തിന്റെ രീതികളെയും സ്വാധീനിക്കുന്നുണ്ട്. സ്ഥാനാര്‍ഥികളെക്കുറിച്ച് എഐ നല്‍കുന്ന മറുപടികളില്‍ എത്രത്തോളം ഇടം ലഭിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി സേവനങ്ങള്‍ നല്‍കുന്ന കമ്പനികളും രംഗത്തുണ്ട്.

ഇത്തരം സേവനങ്ങളുടെ ചെലവും വ്യത്യസ്തമാണ്. എഐ നിരീക്ഷണത്തിനുള്ള ചില സോഫ്റ്റ്വെയറുകള്‍ക്ക് പ്രതിമാസം 134 ഡോളര്‍ മുതല്‍ വിലയുണ്ട്. കൂടുതല്‍ വിപുലമായ സേവനങ്ങള്‍ക്ക് പ്രതിമാസം 9,000 ഡോളര്‍ വരെ ഈടാക്കുന്നുണ്ട്. രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടിങ് സേവനങ്ങളുടെ നിരക്ക് 5,000 ഡോളറില്‍ തുടങ്ങി, പണമടച്ചുള്ള പരസ്യങ്ങളും വെബ്‌സൈറ്റ് പ്രസിദ്ധീകരണങ്ങളും മറ്റ് പ്രചാരണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുമ്പോള്‍ പ്രതിമാസം 50,000 ഡോളര്‍ വരെയാകാമെന്ന് വിസിജെന്റിന്റെ സി.ഇ.ഒ. തോമസ് ഹോവല്‍ പറഞ്ഞു. ചില പ്രത്യേക വിജയങ്ങള്‍ക്കായി 2 ലക്ഷം ഡോളര്‍ വരെ പ്രതിഫലം നിശ്ചയിക്കുന്ന മാതൃകയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഡെമോക്രാറ്റിക് പക്ഷത്തുള്ള സ്ഥാനാര്‍ഥികള്‍ക്കായും സമാനമായ സേവനങ്ങള്‍ ലഭ്യമാണ്. ക്യാംപ്‌സൈറ്റ് എന്ന സംവിധാനം ചാറ്റ്‌ബോട്ടുകള്‍ സ്ഥാനാര്‍ഥികളെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നിരീക്ഷിക്കാനും അവയെ സ്വാധീനിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനും സഹായിക്കുന്നു. ഇതിന്റെ ചില സേവനങ്ങള്‍ക്ക് പ്രതിമാസം 9 ഡോളര്‍ മുതല്‍ 250 ഡോളര്‍ വരെയാണ് നിരക്ക്. സംസ്ഥാനതലത്തിലും ഫെഡറല്‍ തലത്തിലുമുള്ള പ്രചാരണങ്ങള്‍ക്ക് പ്രത്യേക നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. മുന്നൂറിലധികം സ്ഥാനാര്‍ഥികളും സംഘടനകളും കാത്തിരിപ്പുപട്ടികയിലുണ്ടെന്ന് റണ്‍ ഫോര്‍ സംതിങ്ങിന്റെ പ്രസിഡന്റ് അമാന്‍ഡ ലിറ്റ്മാന്‍ അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 

എന്നാല്‍ ഈ രീതിക്ക് അപകടസാധ്യതകളുണ്ടെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. വിശ്വസനീയമല്ലാത്തതോ പരിശോധിക്കാത്തതോ ആയ വിവരങ്ങള്‍ എഐ സംവിധാനങ്ങള്‍ ഉപയോഗിക്കുകയും അവ ശരിയാണെന്ന മട്ടില്‍ അവതരിപ്പിക്കുകയും ചെയ്താല്‍ വോട്ടര്‍മാര്‍ തെറ്റിദ്ധരിക്കപ്പെടാം. ചാറ്റ്‌ബോട്ടുകള്‍ ആത്മവിശ്വാസത്തോടെ മറുപടി നല്‍കുന്നതിനാല്‍ വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് എഐ ഉപയോഗം നിരീക്ഷിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വിശ്വസനീയമായ ഉറവിടങ്ങളെയും വിശ്വാസ്യത കുറഞ്ഞ വിവരങ്ങളെയും വേര്‍തിരിച്ചറിയാന്‍ എഐ സംവിധാനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നാണ് ഈ മേഖലയിലുള്ള ചിലരുടെ അഭിപ്രായം.

2028-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോള്‍, എഐ ചാറ്റ്‌ബോട്ടുകളില്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാകുമെന്നാണ് ഈ മേഖലയിലെ ചില വിദഗ്ധരുടെ വിലയിരുത്തല്‍. വോട്ടര്‍മാരെ നേരിട്ട് സമീപിക്കുന്ന പരമ്പരാഗത പ്രചാരണത്തിനൊപ്പം, അവര്‍ വിവരങ്ങള്‍ തേടുന്ന എഐ സംവിധാനങ്ങളെയും സ്വാധീനിക്കാന്‍ രാഷ്ട്രീയ പ്രചാരണങ്ങള്‍ ശ്രമിക്കുന്ന പുതിയ സാഹചര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.






News

സഭയുടെ ചരിത്രപാരമ്പര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ഡി. ...

പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉപവി നീതി വര്‍ഷം , കാരുണ്യ ശുശ്രൂഷകളുടെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകള്‍ , സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം, ...

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു

ജഡ്ജിയുടെ മകനല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയെന്ന് മന്ത്രി രമേശ് ചെന്നിത്തല

രാഷ്ട്രീയ കൊടുങ്കാറ്റ് ഇസ്രായേല്‍-അമേരിക്കന്‍ തിരഞ്ഞെടുപ്പുകള്‍ ലോക ക്രമത്തെ മാറ്റിമറിക്കുമോ ?

സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിസൈല്‍, ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ച് സഖ്യസേന മൂന്ന് ബാലിസ്റ്റിക് ...

വൈദേകം റിസോര്‍ട്ടിലെ സാമ്പത്തിക നിക്ഷേപങ്ങലെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ , ഉന്നയിച്ച ആരോപണങ്ങളില്‍ ...

VIDEO NEWS

കൊല്ലപ്പെടുന്ന ക്രൈസ്തവരുടെ സംഖ്യ എന്തേ വാർത്തയാകുന്നില്ല? ഇവരുടെ രക്തത്തിനും നിറം ചുവപ്പാണ്

നാളെ ഇസ്രായേലിൽ തെരെഞ്ഞെടുപ്പ്.നെതന്യാഹുവിന് വോട്ട് ചെയ്യണമെന്ന് ട്രംപിന്റെ ആഹ്വാനം.

​ജറുസലേമിൽ രഹസ്യ ഭൂഗർഭ തുരങ്കം ; 36 പേർ പിടിയിൽ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU