GENERAL NEWS
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
2026-11-25
യൂറോപ്പിന് പുറത്തേക്കും വ്യാപിക്കുകയാണ് റഷ്യയുക്രെയ്ന്‍ സൈനിക സംഘര്‍ഷം. ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയയിലെ ബെന്‍ഗാസി തുറമുഖത്ത് റഷ്യന്‍ യുദ്ധക്കപ്പല്‍ മുക്കിയതിന്റെ ഉത്തരവാദിത്തം യുക്രെയ്ന്‍ ഏറ്റെടുത്തു. സംഭവത്തെ അപലപിച്ച് ലിബിയന്‍ സര്‍ക്കാര്‍ രംഗത്തെത്തിയപ്പോള്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ.
യുക്രെയ്‌നില്‍നിന്ന് ഏറെ അകലെ മെഡിറ്ററേനിയന്‍ കടലിന്റെ തെക്കന്‍ തീരത്താണ് ലിബിയയിലെ ബെന്‍ഗാസി തുറമുഖം. റഷ്യയുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പുതിയ വേദിയായി മാറിയിരിക്കുകയാണ് ഈ തുറമുഖം.
നവംബര്‍ ഇരുപത്തിരണ്ടിന് ഇവിടെ നടത്തിയ ആക്രമണത്തില്‍ റഷ്യയുടെ മെര്‍ക്കുറി യുദ്ധക്കപ്പല്‍ മുക്കിയെന്നാണ് യുക്രെയ്ന്‍ അറിയിച്ചത്. റഷ്യയുടെ അംഗാര എന്ന ചരക്കുകപ്പലിനെയും യുക്രെയ്ന്‍ ലക്ഷ്യമിട്ടു. സൈനിക ആവശ്യങ്ങള്‍ക്കായി ആയുധങ്ങള്‍ കൊണ്ടുപോകാന്‍ ഈ കപ്പല്‍ ഉപയോഗിച്ചിരുന്നുവെന്നാണ് യുക്രെയ്‌ന്റെ ആരോപണം. സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ആക്രമണമെന്നാണ് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹയുടെ വിശദീകരണം.
എന്തുകൊണ്ടാണ് ലിബിയയില്‍ റഷ്യയ്ക്ക് ഇത്രയധികം സൈനിക സാന്നിധ്യമുള്ളതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്.
2011-ല്‍ ഗദ്ദാഫിയുടെ ഭരണം അവസാനിച്ചതിനുശേഷം രാഷ്ട്രീയ അസ്ഥിരതയില്‍നിന്ന് കരകയറാന്‍ ലിബിയയ്ക്ക് കഴിഞ്ഞിട്ടില്ല. തലസ്ഥാനമായ ട്രിപ്പോളി കേന്ദ്രീകരിച്ച് അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ സൈനിക മേധാവി ഖലീഫ ഹഫ്താറിനാണ് ശക്തമായ സ്വാധീനമുള്ളത്.
വര്‍ഷങ്ങളായി ഹഫ്താറിന്റെ സേനയ്ക്ക് റഷ്യ സൈനിക പിന്തുണ നല്‍കുന്നുണ്ട്. ലിബിയയിലെ സാന്നിധ്യം മെഡിറ്ററേനിയന്‍ മേഖലയിലും ആഫ്രിക്കയിലും സ്വാധീനം ഉറപ്പിക്കാന്‍ റഷ്യയെ സഹായിക്കുന്നുണ്ട്.
അതേസമയം യുക്രെയ്‌ന്റെ ആക്രമണത്തെ ശക്തമായി അപലപിച്ചിരിക്കുകയാണ് ട്രിപ്പോളി ആസ്ഥാനമായ സര്‍ക്കാര്‍. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിലേക്ക് ലിബിയയെ വലിച്ചിഴയ്ക്കരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിട്ടുണ്ട്.
യൂറോപ്പിനെയും ആഫ്രിക്കയെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രവ്യാപാര പാതയാണ് മെഡിറ്ററേനിയന്‍ കടല്‍. ആഗോള എണ്ണവിതരണത്തിലും ഈ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
അതുകൊണ്ടുതന്നെ മെഡിറ്ററേനിയന്‍ മേഖലയില്‍ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമായാല്‍ അത് ഇരു രാജ്യങ്ങളെയും മാത്രമല്ല, രാജ്യാന്തര വ്യാപാരത്തെയും സമുദ്രഗതാഗതത്തെയും ബാധിച്ചേക്കും.
നാലുവര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ യൂറോപ്പില്‍ മാത്രം ഒതുങ്ങില്ലെന്ന ആശങ്കയാണ് ലിബിയയിലെ സംഭവം വീണ്ടും ഉയര്‍ത്തുന്നത്.
News
സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തര രജതജൂബിലി, തിരി തെളിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ജൂബിലി ...
സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി, പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ ...
ധനരാജ് വധക്കേസ്, മൂന്ന് പ്രതികള്‍ക്ക് ശിക്ഷ, ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം, ഉപരാഷ്ട്രപതിക്ക് കത്തയച്ച് സിപിഐ എംപി പി. ...
മിഷന്‍ ചക്കക്കൊമ്പന്‍ ദൗത്യം ആരംഭിച്ചു;ആനയെ പൊന്നുസ്വാമി എസ്റ്റേറ്റില്‍ കണ്ടെത്തി
മിസിസിപ്പി തീരത്ത് വിമാനം കടലില്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു, മരിച്ചവരില്‍ രണ്ട് കുട്ടികളും, അപകടം ...
റാസല്‍ഖൈമയിലെ വാഹനാപകടം, മരിച്ചവരില്‍ തലശ്ശേരി സ്വദേശിയും
