GENERAL NEWS

ഇടയനെ വരവേറ്റ് പെറു, വിശ്വാസത്തിന്റെയും നീതിയുടെയും സന്ദേശം, പെറുവില്‍ വിശ്വാസത്തിന്റെ മഹാസംഗമം, പരിശുദ്ധ അമ്മയ്ക്ക് പാപ്പായുടെ സമര്‍പ്പണം

2026-11-15

പഴയ ഓര്‍മകളിലേക്കും വിശ്വാസികളുടെ ഹൃദയങ്ങളിലേക്കും മടങ്ങിയെത്തി ലിയോ പതിനാലാമന്‍ പാപ്പാ. പെറുവിലെ ചിക്ലായോ കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിന്റെ കിരീടധാരണത്തിന് നേതൃത്വം നല്‍കിയ പാപ്പാ, ആന്‍ഡീസ് മലനിരകളിലെ സാന്താക്രൂസില്‍ വിശുദ്ധ കുര്‍ബാനയും അര്‍പ്പിച്ചു. തുടര്‍ന്ന് സാന്യയില്‍ വിശുദ്ധ തുരീബിയൂസ് ഡി മൊഗ്രോവേഹോയുടെ ജൂബിലി വര്‍ഷ സമാപന പ്രാര്‍ഥനാസംഗമത്തിലും പങ്കെടുത്തു. അനീതിക്കും അക്രമത്തിനുമെതിരെ ശക്തമായ സന്ദേശങ്ങളാണ് പാപ്പാ നല്‍കിയത്.

ഒരിക്കല്‍ സ്വന്തം ഇടയനായിരുന്ന വ്യക്തി ഇന്ന് ആഗോള കത്തോലിക്കാസഭയുടെ തലവന്‍. ആ ഇടയനെ വീണ്ടും സ്വീകരിക്കുകയാണ് പെറുവിലെ വിശ്വാസികള്‍.

ലിയോ പതിനാലാമന്‍ പാപ്പായുടെ പെറു സന്ദര്‍ശനത്തിലെ നവംബര്‍ പതിനാലിലെ പരിപാടികള്‍ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഓര്‍മകളുടെയും സംഗമമായി.

ചിക്ലായോയിലെ സെന്റ് മേരി കത്തീഡ്രലിലായിരുന്നു ദിവസത്തെ ആദ്യ പ്രധാന പരിപാടി.

പരിശുദ്ധ അമലോത്ഭവ മാതാവിന്റെ രൂപത്തിന്റെ കിരീടധാരണത്തിന് പാപ്പാ നേതൃത്വം നല്‍കി.താന്‍ മെത്രാനായി ശുശ്രൂഷ ആരംഭിച്ച കത്തീഡ്രലിലേക്കുള്ള മടക്കം പാപ്പായ്ക്കും വികാരനിര്‍ഭരമായ അനുഭവമായി.

ചിക്ലായോയിലെ ജനങ്ങള്‍ക്കൊപ്പം വിശ്വാസം ആഘോഷിക്കാന്‍ വീണ്ടും കഴിഞ്ഞതില്‍ പാപ്പാ ദൈവത്തിന് നന്ദി പറഞ്ഞു.

തന്റെ ജീവിതവും പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയിലുള്ള ശുശ്രൂഷയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നതായും പാപ്പാ വ്യക്തമാക്കി. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ആന്‍ഡീസ് മലനിരകളിലെ സാന്താക്രൂസ് ഡി സുക്കാബാംബയിലേക്ക്. ഒരിക്കല്‍ താന്‍ ഇടയനായി ശുശ്രൂഷ ചെയ്തിരുന്ന വിദൂര ഗ്രാമത്തിലേക്കുള്ള പാപ്പായുടെ മടക്കം ജനങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവമായി. സാന്താക്രൂസിലെ അമലോത്ഭവ മാതാവിന്റെ ദേവാലയത്തിലെത്തിയ പാപ്പാ ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്‍ഥിച്ചു. പ്രദേശത്തെ വിശ്വാസികള്‍ വണങ്ങുന്ന ക്രിസ്തുരൂപത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ പാപ്പാ ഭിന്നശേഷിക്കാരായ ചിലരുമായി കൂടിക്കാഴ്ചയും നടത്തി. തുടര്‍ന്ന് സാന്താക്രൂസിലെ തുറസ്സായ വേദിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ഇരുപതിനായിരത്തിലധികം വിശ്വാസികളാണ് കുര്‍ബാനയില്‍ പങ്കെടുത്തത്. ദൂരദേശങ്ങളില്‍നിന്നുപോലും വിശ്വാസികള്‍ പാപ്പായെ കാണാനെത്തിയിരുന്നു. അനീതിക്കും അക്രമത്തിനുമെതിരെ ശക്തമായ സന്ദേശമാണ് പാപ്പാ നല്‍കിയത്. അനീതിക്ക് മറുപടി ക്രൂരതയാകരുത്. പ്രതിസന്ധികള്‍ക്കിടയിലും പ്രത്യാശ കൈവിടരുതെന്നും ദൈവം മനുഷ്യരുടെ സഹനങ്ങള്‍ അറിയുന്നുണ്ടെന്നും പാപ്പാ ഓര്‍മിപ്പിച്ചു.

ഉച്ചയ്ക്കുശേഷം ചിക്ലായോയിലേക്ക് മടങ്ങിയ പാപ്പാ വൈകുന്നേരം സാന്യയിലെ വിശുദ്ധ തുരീബിയൂസ് ഡി മൊഗ്രോവേഹോയുടെ തീര്‍ഥാടനകേന്ദ്രത്തിലെത്തി. വിശുദ്ധന്റെ ജൂബിലി വര്‍ഷ സമാപനത്തോടനുബന്ധിച്ചായിരുന്നു പ്രാര്‍ഥനാസംഗമം. വഴിയരികില്‍ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് പാപ്പായെ കാത്തുനിന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു. തീര്‍ഥാടനകേന്ദ്രത്തിലെ പ്രാര്‍ഥനാസംഗമത്തില്‍ പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു.

വിശുദ്ധ തുരീബിയൂസിന്റെ കബറിടത്തില്‍ പ്രാര്‍ഥിച്ച പാപ്പാ പുഷ്പാര്‍ച്ചനയും നടത്തി. വൈദികന്റെയും മിഷനറിയുടെയും ആഫ്രിക്കന്‍ വംശജരുടെ പ്രതിനിധിയുടെയും സാക്ഷ്യങ്ങള്‍ പാപ്പാ ശ്രവിച്ചു. അടിമത്തത്തിന്റെ കാലത്ത് ആഫ്രിക്കന്‍ വംശജര്‍ അനുഭവിച്ച ക്രൂരതകളും അപമാനങ്ങളും അനുസ്മരിച്ച പാപ്പാ, ഇന്നും തുടരുന്ന വിവേചനത്തിനും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്തി. വിശ്വാസം മനുഷ്യരുടെ അന്തസ്സിനും നീതിക്കും സംരക്ഷണമാകണമെന്ന സന്ദേശമാണ് പാപ്പാ നല്‍കിയത്. ലിയോ പതിനാലാമന്‍ പാപ്പായുടെ പെറു സന്ദര്‍ശനം സഭയുടെ ദൗത്യം വിശ്വാസപ്രഘോഷണത്തോടൊപ്പം മനുഷ്യരുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമാണെന്ന് ഓര്‍മിപ്പിക്കുന്നു.


 



News

പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക് , പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന ...

സഭാ സമാധാനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ...

ചരിത്രസ്മരണകള്‍ക്ക് പുതുജീവന്‍..! മുളന്തുരുത്തിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു ...

4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെന്ന് പിണറായി വിജയന്‍, ഖജനാവിന് വലിയ ...

മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026 ലൂര്‍ദ്ദ് കത്തീഡ്രലില്‍, മാതാവിന്റെ ഏഴ് ആനന്ദങ്ങളിലൂടെ ക്രിസ്തുവിലേക്കൊരു ...

ഇന്ത്യ-ഫിലിപ്പീന്‍സ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്, ഇരുരാജ്യങ്ങളും കടന്നുപോകുന്നത് നിര്‍ണ്ണായക ...

അഹമ്മദാബാദില്‍ വന്‍ ലഹരിമരുന്ന് വേട്ട വീടിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത എം.ഡി ലാബ് ...

തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ വന്‍ മുന്നേറ്റം

VIDEO NEWS

"ഞാൻ കൊതിച്ച ആ ആഗ്രഹം ഇന്ന് സഫലമായി" അഭിവന്ദ്യ തട്ടിൽ പിതാവിന്റെ മനോഹരമായ പ്രസംഗം.

ഭൂമിക്കുമുകളിലെ ലോക രാജ്യങ്ങളുടെ അദൃശ്യ യുദ്ധം

ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു.നെതന്യാഹുവിനെ പിടിച്ചുകേട്ടാന്‍ ഐസെന്‍കോട്ട് രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU