GENERAL NEWS
ചരിത്രസ്മരണകള്‍ക്ക് പുതുജീവന്‍..! മുളന്തുരുത്തിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു പരിശുദ്ധ അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ അദ്ധ്യക്ഷനായി, സുന്നഹദോസിന്റെ 150-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ചരിത്രമഹത്വം
2026-11-15
മലങ്കര സഭയുടെ 'മാഗ്നാകാര്‍ട്ട' എന്ന് വിശേഷിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ആത്മീയവും ചരിത്രപരവുമായ പ്രാധാന്യമേകി മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു. ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയിലായിരുന്നു സുന്നഹദോസ്. തുടര്‍ന്ന് സഭാ മാനേജിംഗ് കമ്മിറ്റിയും വര്‍ക്കിംഗ് കമ്മിറ്റിയും നടന്നു.
പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ, പരിശുദ്ധ സഭയുടെ വിശ്വാസവും പൈതൃകവും വെല്ലുവിളികള്‍ നേരിട്ടിരുന്ന കാലഘട്ടത്തിലാണ് 1876-ല്‍ മുളന്തുരുത്തി സുന്നഹദോസ് വിളിച്ചുകൂട്ടിയതെന്ന് അനുസ്മരിച്ചു. അന്നത്തെ വെല്ലുവിളികളില്‍നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ ഇന്നും സഭ കടന്നുപോകുമ്പോള്‍ ത്യാഗങ്ങളും പീഡനങ്ങളും സഹിച്ച് വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന മലങ്കര സഭയിലെ വിശ്വാസസമൂഹത്തെ അന്ത്യോഖ്യാ സിംഹാസനം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നതായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ വ്യക്തമാക്കി. പരിശുദ്ധ സഭയുടെ വിശ്വാസവും പാരമ്പര്യവും വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഓര്‍മിപ്പിച്ചു. 1876-ല്‍ മുളന്തുരുത്തിയില്‍ നടന്ന ചരിത്രപ്രസിദ്ധമായ സുന്നഹദോസ് മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയവും ഭരണപരവുമായ ചരിത്രത്തിലെ നിര്‍ണായക നാഴികക്കല്ലാണ്. ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അന്നത്തെ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മലങ്കരയില്‍ എഴുന്നള്ളിയെത്തി വിളിച്ചുകൂട്ടിയ ഈ സുന്നഹദോസ് അന്ത്യോഖ്യാ സിംഹാസനവും മലങ്കര സഭയും തമ്മിലുള്ള ആത്മീയവും സഭാപരവുമായ ബന്ധത്തിന് കൂടുതല്‍ ശക്തമായ അടിത്തറയിട്ടു. മലങ്കര സഭയുടെ 'മാഗ്നാകാര്‍ട്ട' എന്ന വിശേഷണത്തോടെയാണ് ഈ സുന്നഹദോസ് ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. സഭയുടെ ഭരണസംവിധാനത്തിലും സംഘടനാ ഘടനയിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ സുന്നഹദോസായിരുന്നു ഇത്. മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് രൂപം നല്‍കിയത് മുളന്തുരുത്തി സുന്നഹദോസിന്റെ സുപ്രധാന സംഭാവനകളിലൊന്നാണ്. സഭയുടെ ഭരണപരമായ കാര്യങ്ങളില്‍ വൈദികര്‍ക്കും അല്‍മായര്‍ക്കും പങ്കാളിത്തം ഉറപ്പാക്കുന്ന സംഘടനാ സംവിധാനത്തിന് ഇതിലൂടെ അടിത്തറ പാകി. ഒന്നര നൂറ്റാണ്ടിനുശേഷം അതേ ചരിത്രഭൂമിയില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നത് ചരിത്രവും വര്‍ത്തമാനവും സംഗമിക്കുന്ന അപൂര്‍വ മുഹൂര്‍ത്തമായി. അന്ത്യോഖ്യാ സിംഹാസനത്തില്‍നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പം ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളും സുന്നഹദോസില്‍ പങ്കെടുത്തത് ഈ സമ്മേളനത്തിന്റെ അന്താരാഷ്ട്ര സഭാപരമായ പ്രാധാന്യം വര്‍ധിപ്പിച്ചു. വിശ്വാസപൈതൃകത്തിന്റെ സംരക്ഷണവും സഭയുടെ ഐക്യവും സമാധാനവും മുന്‍നിര്‍ത്തിയുള്ള ആഹ്വാനങ്ങളോടെയും ചരിത്രപ്രാധാന്യമുള്ള തീരുമാനങ്ങളോടെയും മുളന്തുരുത്തിയിലെ സുന്നഹദോസ് 150-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കൂടുതല്‍ ചരിത്രമഹത്വം പകര്‍ന്നു.
News
പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക് , പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന ...
സഭാ സമാധാനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ...
4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെന്ന് പിണറായി വിജയന്‍, ഖജനാവിന് വലിയ ...
ഇടയനെ വരവേറ്റ് പെറു, വിശ്വാസത്തിന്റെയും നീതിയുടെയും സന്ദേശം, പെറുവില്‍ വിശ്വാസത്തിന്റെ മഹാസംഗമം, പരിശുദ്ധ ...
മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026 ലൂര്‍ദ്ദ് കത്തീഡ്രലില്‍, മാതാവിന്റെ ഏഴ് ആനന്ദങ്ങളിലൂടെ ക്രിസ്തുവിലേക്കൊരു ...
ഇന്ത്യ-ഫിലിപ്പീന്‍സ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്, ഇരുരാജ്യങ്ങളും കടന്നുപോകുന്നത് നിര്‍ണ്ണായക ...
അഹമ്മദാബാദില്‍ വന്‍ ലഹരിമരുന്ന് വേട്ട വീടിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത എം.ഡി ലാബ് ...
തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ വന്‍ മുന്നേറ്റം
