GENERAL NEWS
ജനസംഖ്യ കുറയുന്ന ജപ്പാന്‍, ആളൊഴിഞ്ഞ് 90 ലക്ഷം വീടുകള്‍
2026-11-24
ജനസംഖ്യയിലെ ഇടിവ് ജപ്പാനില്‍ വലിയ സാമൂഹിക പ്രതിസന്ധിയായി മാറുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ ജനസംഖ്യയില്‍ 31 ലക്ഷത്തിലധികം പേരുടെ കുറവുണ്ടായതായാണ് പുതിയ സെന്‍സസ് കണക്കുകള്‍. ജനനനിരക്ക് കുറയുന്നതിനൊപ്പം വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും ഗ്രാമങ്ങളില്‍നിന്ന് യുവാക്കള്‍ നഗരങ്ങളിലേക്ക് കുടിയേറുന്നതുമാണ് ജപ്പാന്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍.
കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍. താമസക്കാരില്ലാതെ കിടക്കുന്ന വീടുകള്‍. കൃഷി ചെയ്യാന്‍ ആളില്ലാതെ തരിശാകുന്ന ഭൂമി. ജപ്പാനിലെ പല ഗ്രാമങ്ങളുടെയും ഇന്നത്തെ അവസ്ഥയാണിത്. 2026 സെപ്റ്റംബറില്‍ പുറത്തുവിട്ട സെന്‍സസ് കണക്കുപ്രകാരം ജപ്പാനിലെ ജനസംഖ്യ 12 കോടി 29 ലക്ഷമായി കുറഞ്ഞു.
2020 മുതല്‍ 2025 വരെയുള്ള അഞ്ചുവര്‍ഷത്തിനിടെ 31 ലക്ഷത്തി എഴുപതിനായിരം പേരുടെ കുറവാണ് ജനസംഖ്യയിലുണ്ടായത്.അതേസമയം നവംബര്‍ ഇരുപതിന് ജപ്പാനിലെ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ ജനസംഖ്യ പന്ത്രണ്ട് കോടി ഇരുപത്തിനാല് ലക്ഷത്തി മുപ്പതിനായിരമാണ്
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ലക്ഷത്തി മുപ്പതിനായിരം പേരുടെ കുറവാണിത്. രാജ്യത്തെ 47 പ്രവിശ്യകളില്‍ ടോക്കിയോ ഒഴികെയുള്ള എല്ലായിടത്തും ജനസംഖ്യ കുറഞ്ഞു. ജപ്പാനിലെ ആകെ ജനസംഖ്യയുടെ 29.4 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരാണ്. അതായത് രാജ്യത്തെ പത്തില്‍ മൂന്ന് പേരും വയോജനങ്ങളാണ്. ജനസംഖ്യയിലെ ഇടിവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗ്രാമീണ മേഖലകളെയാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കള്‍ നഗരങ്ങളിലേക്ക് ചേക്കേറുമ്പോള്‍ ഗ്രാമങ്ങളിലെ വീടുകളില്‍ അവശേഷിക്കുന്നത് പ്രായമായ മാതാപിതാക്കള്‍ മാത്രമാണ്.
അവരുടെ മരണശേഷം പല വീടുകളും ഏറ്റെടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. 2023-ലെ ഔദ്യോഗിക ഭവന സര്‍വേ പ്രകാരം ജപ്പാനില്‍ താമസക്കാരില്ലാത്ത 90 ലക്ഷം വീടുകളാണുള്ളത്. രാജ്യത്തെ ആകെ വീടുകളുടെ 13.8 ശതമാനമാണിത്. ഇതില്‍ 39 ലക്ഷത്തോളം വീടുകള്‍ വാടകയ്‌ക്കോ വില്‍പ്പനയ്‌ക്കോ പോലും നല്‍കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. കുട്ടികളുടെ എണ്ണം കുറയുന്നതോടെ ഗ്രാമങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടരുന്നതും പ്രയാസത്തിലാകുന്നു. തൊഴിലാളികളുടെ അഭാവം കാര്‍ഷിക മേഖലയെയും ബാധിക്കുന്നുണ്ട്.
പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യപരിചരണത്തിനും പെന്‍ഷന്‍ സംവിധാനത്തിനും വലിയ സാമ്പത്തിക വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയും ശിശുപരിചരണ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും ജനനനിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ജപ്പാന്‍. യുവാക്കളെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള വിവിധ പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍ ജനസംഖ്യയിലെ ഇടിവ് തടയുക ജപ്പാനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായി തുടരുകയാണ്. സാമ്പത്തികമായും സാങ്കേതികമായും ഏറെ മുന്നേറിയ ഒരു രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് മനുഷ്യരുടെ എണ്ണം കുറയുന്നതാണ്. ജനനനിരക്ക് കുറയുകയും വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്കും ജപ്പാന്റെ അനുഭവം പ്രസക്തമാണ്.
News
ഡിസംബര്‍ 16-ന് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന, അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ്
'രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂര്‍വം സുരക്ഷ പിന്‍വലിച്ചതിനാല്‍' 'പിന്നില്‍ പ്രത്യേക ഉദ്ദേശലക്ഷ്യം' ...
വെസ്റ്റ് ബംഗാളിന്റെ പേര് മാറ്റാന്‍ ബിജെപി സര്‍ക്കാര്‍, പുതിയ പേര് 'പശ്ചിം ബംഗ' ഡിസംബര്‍ 9ന് നിയമസഭയില്‍ പ്രമേയം ...
ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍
എന്‍സിപി ലയന ചര്‍ച്ചകള്‍ക്കിടെ പുതിയ രാഷ്ട്രീയ നീക്കം, ശരദ് പവാറിന്റെ നീക്കത്തില്‍ ബിജെപിക്ക് വെല്ലുവിളി ...
ഹോട്ടല്‍, കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയില്‍, വിലക്കയറ്റം അതിരൂഷം . വന്‍ നഷ്ട്ടത്തിലേയ്ക്ക് ഹോട്ടല്‍ മേഖല ...
ഇന്ത്യയ്ക്ക് നിര്‍ണായകമാണ് നേപ്പാള്‍, ബന്ധം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?
പ്രൊഫ . ഇഗ്നേഷ്യസ് ഗോണ്‍സാല്‍വാസിന് സഭയുടെ ആദരം
